ചൂട്ടുമിന്നിച്ചവർ..

Wednesday, 27 January 2010

ബസു എഴുതിവച്ചത്‌. ഹത്തരം എന്നു വിശേഷിപ്പിക്കപ്പെടുന്നതും,'തിരു' എഴുത്തുകാരാല്‍ വിശേഷിപ്പിക്കപ്പെട്ടതുമായ നിരവധി 'മാതൃക'കളിലൂടെ കടന്നുപോകുന്നവരാണു നാം.അഭിനവ അവതാരപുരുഷന്‍മാരും,അങ്ങനെ സ്വയം ധരിച്ചുവശായിട്ടുള്ളവരുമായവരുടെ ഉദ്ബോധനപ്രഘോഷണങ്ങള്‍ കൊണ്ട്‌ ഒട്ടൊന്നുമല്ല നമ്മുടെ സമൂഹം മലീമസമായിട്ടുള്ളത്‌. നാം അധിവസിക്കുന്ന സമൂഹത്തിന്റെ  വിവിധ പരിഛേദങ്ങളില്‍ 'അധിനിവേശം' നടത്തി വിരാജിച്ചുപോരുന്ന ബഹുമുഖപണ്ഡിതപുംഗവന്‍മാരുടെ വാക്ധോരണികളില്‍ 'വിഭ്രംജിത'മായ സാമൂഹികചുറ്റുപാടിനെ അതില്‍ നിന്നും ശുദ്ധീകരിച്ചെടുക്കാനൊരു പത്തിരുപത്‌ ഉച്ചകോടികള്‍ കൊണ്ടൊട്ടുകഴിയുമെന്നും ഈയുള്ളവന്‍ ധരിച്ചുവശായിട്ടില്ല.വിമര്‍ശനപടുക്കളായ ലേഖകനടക്കമുള്ളവരുടെ അപദാന(അപവാദ)'ഫാക്ടറികളില്‍ നിന്നും- ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാഴ്‌വസ്തുക്കള്‍ക്കിടയിലേക്ക്‌വലിച്ചെറിയപ്പെട്ടുപോകുന്നു, കാന്തിയും,മൂല്യവുമേറുന്ന മരതകമുത്തുകള്‍.
  
ഒരുവനെ സ്മരിക്കപ്പെടുന്നത്‌ എന്തിന്റെ പേരിലാണ്‌?
"അശോകന്‍ 'മഹാനായ' അശോകചക്രവര്‍ത്തിയായത്‌ , താന്‍ ചെയ്തുപോയ മഹാ അപരാധങ്ങളെ തിരിച്ചറിഞ്ഞ്‌ പ്രായശ്ചിത്തം ചെയ്തതുകൊണ്ടുമാത്രമല്ല,ലോകത്തിനുമുന്നില്‍ അതേറ്റുപറഞ്ഞ്‌ ശിഷ്ടകാലം  തിരിച്ചറിവിന്റെ  പ്രചാരകനായി ജീവിച്ചതുകൊണ്ടുകൂടിയാണ്‌.
 മഹാത്മജിയെ സ്മരിക്കുന്നത്‌ അഹിംസാത്മകമാര്‍ഗത്തിലൂടെ(?) ഇന്‍ഡ്യക്ക്‌ സ്വാതന്ത്ര്യം നേടിത്തന്നു എന്നതുകൊണ്ടാണെങ്കില്‍ ആയത്‌ വിശ്വസിച്ച്‌,ദിനംതോറും മൂന്നുനേരം ഭക്ഷണശേഷം സ്മരിച്ച്‌ "ലക്ഷണ"മൊത്തവനാകാന്‍ ലേഖകനു തീരെ താല്‍പ്പര്യവുമില്ല;മറിച്ച്‌ തന്റെ  പൊതുജീവിതം കൊണ്ട്‌ മഹത്തായ ഒരു സന്ദേശം ലോകത്തിനു സമര്‍പ്പിച്ചവന്‍,  എന്നതുകൊണ്ടു മാത്രമാണ്‌.


 കാളീപൂജയും, കമ്മ്യൂണിസവും ഇഴചേര്‍ന്നു വിരാജിക്കുന്ന വംഗനാടിനെ ദീര്‍ഘകാലം ഭരിച്ചയാള്‍ എന്ന അര്‍ത്ഥത്തിലല്ലാതെ,ഒരു കമ്മ്യുണിസ്റ്റുകാരനവിശ്യം ഉണ്ടാകണമെന്നു നാം സ്വപ്നം കാണുന്ന ജീവിതലാളിത്യംകൊണ്ടോ,പുരോഗമനേകച്ഛ  കൊണ്ടോ,തൊഴിലാളിവര്‍ഗ്ഗ'ആശയസ്ഥാപന സായൂജ്യവത്ക്കരണം' കൊണ്ടോ ഉല്‍കൃഷ്ടമാക്കിയ മഹത്‌വ്യക്തിയെന്ന പേരിലോ സ്മരിക്കപ്പെടാനിടയില്ല. പക്ഷെ, സ്വന്തം മരണത്തിലൂടെ ബസു നമുക്ക്‌ നല്ലൊരു മാതൃകയാകുന്നത്‌ കാണാതെ പോകുന്നത്‌അധാര്‍മ്മികവും,ചരിത്രനിഷേധവും,അനീതിയും ആയിരിക്കും. 


ഏതൊരു സമൂഹത്തിണ്റ്റെയും മികവുകള്‍ ,അതതു മേഖലകളില്‍ നടക്കുന്ന ശാസ്ത്ര-സാമൂഹിക പരീക്ഷണങ്ങളുടെ ആകെത്തുകയാണ്‌. ആരോഗ്യരംഗത്ത്‌ നാം നേടിയ നന്‍മകള്‍ അനുസ്യൂതം നാം അനുഭവിച്ചുപോരുന്നു. മികച്ച ശസ്ത്രക്രിയാവിദഗ്ദ്ധര്‍ അവരുടെ തൊഴിലില്‍ വൈദഗ്ദ്ധ്യം ഉള്ളവരായി മാറിയത്‌ മൃതശരീരങ്ങളില്‍ വെട്ടിയും,നുറുക്കിയും,തുന്നിച്ചേര്‍ത്തും‌ കൈത്തഴക്കം വന്നതുകൊണ്ടാണ്‌.ഇന്ന്‌ ഇന്‍ഡ്യയിലെ പല മെഡിക്കല്‍ കോളേജുകളിലും പഠനാവശ്യത്തിന്‌ ആവശ്യമായ ശവശരീരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം ഉണ്ട്‌.
സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കാര്യമാകട്ടെ പരിതാപകരവും. 

മരണശേഷം ബസുവിന്റെ  ഭൌതികശരീരം 'ഗണദര്‍പ്പണ്‍' എന്ന സംഘടനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്‌.എസ്‌.കെ.എം ആശുപത്രിയിലെ കുട്ടികളുടെ പഠനത്തിനായി നല്‍കി.ഇതുവഴി വലിയൊരു വിപ്ളവമാണ്‌ വംഗനാട്ടില്‍ നടന്നിരിക്കുന്നത്‌;ഒരുപക്ഷെ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്‌ ചെയ്യാനാകാതെ പോയത്‌. ഇതിനു തൊട്ടടുത്ത ദിവസങ്ങളില്‍ ഗണദര്‍പ്പണ്‍ ഒാഫീസിലേക്ക്‌ 3000ത്തോളം പേര്‍ മരണശേഷം തങ്ങളുടെ മൃതദേഹം പഠനാവശ്യത്തിന്‌ വിട്ടുകൊടുത്തുകൊണ്ടുള്ള സമ്മതപത്രങ്ങളാണ്‌ നല്‍കിയത്‌. ഇവരുടെ ഒാഫീസിലേക്ക്‌ അന്വേഷണങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. 1986 ല്‍ സ്ഥാപിതമായ ഈ സംഘടനയ്ക്ക്‌ നാളിതുവരെ ലഭിച്ച സമ്മതപത്രങ്ങളൂടെ എണ്ണത്തിലുള്ള കുറവ് അറിയുമ്പോഴാണ് യഥാര്‍ത്ഥ 'വിപ്ലവം' വ്യക്തമാകുന്നത്. 
ഇന്ത്യയിലെ ബഹുഭൂരിപക്ഷം 'മത' വിശ്വാസത്തിന്റെ മതില്‍ക്കെട്ടിനുള്ളിലാണ്.
ലക് ഷ്യബോ ധം,ആത്മാര്‍ത്ഥത,സത്യസന്ധത,ജീവിതലാളിത്യം എന്നീ നേതൃത്വഗുണങ്ങളുള്ള നേതാക്കളുടെ അഭാവം നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടതാണ്.ദിശാബോധം നഷ്ടമായ ബഹുഭൂരിപക്ഷത്തിനിടയിലാണ്‌ ബസുവിന്റെ വില്‍പ്പത്രവും,അതു നടപ്പാക്കാനുള്ള ബസുവിന്റെ കുടുംബത്തിന്റെ നിശ്ചയദാര്‍ഡ്യവും പ്രസക്തമാകുന്നത്.


ബസു,ജീവിതം കൊണ്ടല്ല മരണംകൊണ്ട് താങ്കള്‍  യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായി.


വാല്‍കഷ്ണം:-കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ലഭ്യമായിട്ടുള്ള മൃതദേഹങ്ങളില്‍ അധികവുംസംഭാവനചെയ്തത് നമ്മുടെ സാമൂഹികചുറ്റുപാടില്‍ വളരാന്‍ വളക്കൂറുള്ള മണ്ണ്‌ വേണ്ടത്രയില്ലാത്ത യുക്തിവാദികളുടേതാണ്‌ എന്നത് ഓര്‍ക്കാതിരിക്കുന്നതെങ്ങനെ ?  

6 comments:

 1. കമ്മ്യൂണിസ്റ്റ്‌ ജീവിതരീതികളെപ്പറ്റി വ്യാപകചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ ഇതുകൂടി കൂട്ടിച്ചേര്‍ക്കുന്നു.

  ReplyDelete
 2. ഭാഗ്യം അദ്ദേഹം കേരളീയന്‍ അല്ലാതിരുന്നത്, അല്ലെങ്കില്‍ നവാബിനുണ്ടായ അനുഭവം... !

  ReplyDelete
 3. ബസുവിനേക്കാള്‍ അതിനര്‍ഹര്‍ ബസുവിന്റെ ബന്ധുക്കള്‍ക്കാണ്, അവര്‍ മറിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ബസുവിന്റെ ആഗ്രഹം നടക്കിലായിരിന്നു. ഇവിടെ ഒരു നിയമത്തിന്റെ ആവശ്യം അത്യാ‍വശ്യമാണ്... മരണാനന്തരം ഒരു വ്യക്ത്തിയുടെ ആഗ്രഹം നടന്നിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരിലെ സ്വത്തുക്കള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുക , മരിക്കുന്നതിന് മുന്‍പ് ആ വ്യക്തി ഇങ്ങനെ വില്‍‌പത്രം എഴുതിവെയ്ക്കുകയും ചെയ്യണം, സ്വത്ത് കിട്ടാ‍നെങ്കിലും മരിച്ച വ്യക്തിയുടെ ആഗ്രഹം സാധിക്കുമല്ലോ ?

  ReplyDelete
 4. ജീവനില്ലാത്ത ശരീരം ധാനം ചെയ്യുന്നതിനേക്കാള്‍ ജീവനുള്ള ശരീരം വെച്ച് ഒരാള്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു എന്നതിലാണ് ഒരാളുടെ മഹത്വം അളക്കപെടേണ്ടത്.

  ഓരോ കാര്യത്തിന്റെയും വില അത് സമൂഹത്തിന് എത്ര മാത്രം പ്രയോജനപെടുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റുമെന്നതിലുപരി ശവശരീരം കൊണ്ട് വലിയ പ്രയോജനമുണ്ടോയെന്ന് എനിക്കറിയില്ല. ശവ ദാനം ചെയ്ത് മാതൃക സൃഷ്ടിച്ച് എല്ലാവരും ശവം ദാനം ചെയ്യാന്‍ തുടങ്ങിയാല്‍ ആളുകള്‍ പിന്നെ അത് തുടങ്ങിവെച്ചവനെ ശപിക്കാന്‍ തുടങ്ങും.

  ജീവനുള്ള ശരീരം നല്‍കി നമുക്ക് സ്വാതന്ത്രം നേടി ത്തന്ന മഹാന്മാരുടെ അടുത്ത്, ജീവനില്ലാത്ത ശരീരം ധാനം ചെയ്തത് അത്ര വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല.

  പറഞ്ഞ് വന്നത്, ബസുവിനെ പോലൊരാള്‍ എപ്പോഴും അറിയപെടനര്‍ഹന്‍, ജീവിച്ചിരിക്കുമ്പോള്‍, അദ്ദേഹം സ്വന്തം ആദര്‍ശമായ കമ്യൂണിസത്തിന് ചെയ്ത സേവനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.

  ശവ ദാനം ഒരു ‘മഹാ‘ കാര്യമായി എനിക്ക് തോന്നാത്തതു കൊണ്ടായിരിക്കാം അല്ലേ?....... :)

  ReplyDelete
 5. വിവിധ കുറ്റകൃത്യങ്ങളുടെ കാരണത്താല്‍ തൂക്കിലേറ്റപ്പെടുന്നവരുടെ
  ആന്തരികാവയവങ്ങള്‍ അയാളുടെയൊ, കുടുംബാംഗങ്ങളുടെയോ,
  അനുവാദമില്ലാതെ തന്നെ മുറിച്ചെടുത്ത് സൂക്ഷിക്കുന്ന നിയമം,കമ്യൂണിസ്റ്റ്
  ചൈനയില്‍ നിലനില്‍ക്കുന്നത് ഈ അവസരത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
  ഈ ആന്തരികാവയവങ്ങളാണ് ചൈനയിലെയും, ഇപ്പോള്‍ മറ്റുനിരവധി
  നാടുകളിലെയും, രോഗികള്‍ക്ക് ആശ്വാസം.
  കേരളത്തിലെ നേതാക്കളാരെങ്കിലും ബസുവിന്റെ പാത പിന്തുടര്‍ന്നിരുന്നെങ്കില്‍
  തൊലിക്കട്ടിയെക്കുരിച്ചൊരു പുതിയ ഗവേഷണസാധ്യതക്ക്, വഴിതെളിഞ്ഞേനെ..ഉളുപ്പില്ലായ്മ എന്ന വികാരം സൃഷ്ട്ടിക്കുന്ന അവയവത്തെപ്പറ്റിയും ഒരു ഉപരിപഠനം സാധ്യമായേനെ
  കുളക്കട താങ്കളുടെ വില്‍പത്രം തയ്യാറാക്കിയോ?

  ReplyDelete