Wednesday, 27 January 2010
ബസു എഴുതിവച്ചത്.
മഹത്തരം എന്നു വിശേഷിപ്പിക്കപ്പെടുന്നതും,'തിരു' എഴുത്തുകാരാല്‍ വിശേഷിപ്പിക്കപ്പെട്ടതുമായ നിരവധി 'മാതൃക'കളിലൂടെ കടന്നുപോകുന്നവരാണു നാം.അഭിനവ അവതാരപുരുഷന്മാരും,അങ്ങനെ സ്വയം ധരിച്ചുവശായിട്ടുള്ളവരുമായവരുടെ ഉദ്ബോധനപ്രഘോഷണങ്ങള്‍ കൊണ്ട് ഒട്ടൊന്നുമല്ല നമ്മുടെ സമൂഹം മലീമസമായിട്ടുള്ളത്. നാം അധിവസിക്കുന്ന സമൂഹത്തിന്റെ വിവിധ പരിഛേദങ്ങളില്‍ 'അധിനിവേശം' നടത്തി വിരാജിച്ചുപോരുന്ന ബഹുമുഖപണ്ഡിതപുംഗവന്‍മാരുടെ വാക്ധോരണികളില്‍ 'വിഭ്രംജിത'മായ സാമൂഹികചുറ്റുപാടിനെ അതില്‍ നിന്നും ശുദ്ധീകരിച്ചെടുക്കാനൊരു പത്തിരുപത് ഉച്ചകോടികള്‍ കൊണ്ടൊട്ടുകഴിയുമെന്നും ഈയുള്ളവന് ധരിച്ചുവശായിട്ടില്ല.വിമര്‍ശനപടുക്കളായ ലേഖകനടക്കമുള്ളവരുടെ അപദാന(അപവാദ)'ഫാക്ടറികളില്‍ നിന്നും- ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാഴ്വസ്തുക്കള്‍ക്കിടയിലേക്ക്വലിച്ചെറിയപ്പെട്ടുപോകുന്നു, കാന്തിയും,മൂല്യവുമേറുന്ന മരതകമുത്തുകള്‍.
ഒരുവനെ സ്മരിക്കപ്പെടുന്നത് എന്തിന്റെ പേരിലാണ്?
"അശോകന് 'മഹാനായ' അശോകചക്രവര്‍ത്തിയായത് , താന്‍ ചെയ്തുപോയ മഹാ അപരാധങ്ങളെ തിരിച്ചറിഞ്ഞ് പ്രായശ്ചിത്തം ചെയ്തതുകൊണ്ടുമാത്രമല്ല,ലോകത്തിനുമുന്നില്‍ അതേറ്റുപറഞ്ഞ് ശിഷ്ടകാലം തിരിച്ചറിവിന്റെ പ്രചാരകനായി ജീവിച്ചതുകൊണ്ടുകൂടിയാണ്.
മഹാത്മജിയെ സ്മരിക്കുന്നത് അഹിംസാത്മകമാര്‍ഗത്തിലൂടെ(?) ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു എന്നതുകൊണ്ടാണെങ്കില്‍ ആയത് വിശ്വസിച്ച്,ദിനംതോറും മൂന്നുനേരം ഭക്ഷണശേഷം സ്മരിച്ച് "ലക്ഷണ"മൊത്തവനാകാന്‍ ലേഖകനു തീരെ താല്‍പ്പര്യവുമില്ല;മറിച്ച് തന്റെ പൊതുജീവിതം കൊണ്ട് മഹത്തായ ഒരു സന്ദേശം ലോകത്തിനു സമര്പ്പിച്ചവന്, എന്നതുകൊണ്ടു മാത്രമാണ്.
കാളീപൂജയും, കമ്മ്യൂണിസവും ഇഴചേര്‍ന്നു വിരാജിക്കുന്ന വംഗനാടിനെ ദീര്‍ഘകാലം ഭരിച്ചയാള്‍ എന്ന അര്‍ത്ഥത്തിലല്ലാതെ,ഒരു കമ്മ്യുണിസ്റ്റുകാരനവിശ്യം ഉണ്ടാകണമെന്നു നാം സ്വപ്നം കാണുന്ന ജീവിതലാളിത്യംകൊണ്ടോ,പുരോഗമനേകച്ഛ കൊണ്ടോ,തൊഴിലാളിവര്‍ഗ്ഗ'ആശയസ്ഥാപന സായൂജ്യവത്ക്കരണം' കൊണ്ടോ ഉല്‍കൃഷ്ടമാക്കിയ മഹത്വ്യക്തിയെന്ന പേരിലോ സ്മരിക്കപ്പെടാനിടയില്ല. പക്ഷെ, സ്വന്തം മരണത്തിലൂടെ ബസു നമുക്ക് നല്ലൊരു മാതൃകയാകുന്നത് കാണാതെ പോകുന്നത്അധാര്‍മ്മികവും,ചരിത്രനിഷേധവും,അനീതിയും ആയിരിക്കും.
ഏതൊരു സമൂഹത്തിണ്റ്റെയും മികവുകള്‍ ,അതതു മേഖലകളില്‍ നടക്കുന്ന ശാസ്ത്ര-സാമൂഹിക പരീക്ഷണങ്ങളുടെ ആകെത്തുകയാണ്. ആരോഗ്യരംഗത്ത് നാം നേടിയ നന്മകള് അനുസ്യൂതം നാം അനുഭവിച്ചുപോരുന്നു. മികച്ച ശസ്ത്രക്രിയാവിദഗ്ദ്ധര്‍ അവരുടെ തൊഴിലില്‍ വൈദഗ്ദ്ധ്യം ഉള്ളവരായി മാറിയത് മൃതശരീരങ്ങളില്‍ വെട്ടിയും,നുറുക്കിയും,തുന്നിച്ചേര്‍ത്തും കൈത്തഴക്കം വന്നതുകൊണ്ടാണ്.ഇന്ന് ഇന്‍ഡ്യയിലെ പല മെഡിക്കല്‍ കോളേജുകളിലും പഠനാവശ്യത്തിന് ആവശ്യമായ ശവശരീരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം ഉണ്ട്.
സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കാര്യമാകട്ടെ പരിതാപകരവും.
മരണശേഷം ബസുവിന്റെ ഭൌതികശരീരം 'ഗണദര്‍പ്പണ്‍' എന്ന സംഘടനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം ആശുപത്രിയിലെ കുട്ടികളുടെ പഠനത്തിനായി നല്കി.ഇതുവഴി വലിയൊരു വിപ്ളവമാണ് വംഗനാട്ടില്‍ നടന്നിരിക്കുന്നത്;ഒരുപക്ഷെ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് ചെയ്യാനാകാതെ പോയത്. ഇതിനു തൊട്ടടുത്ത ദിവസങ്ങളില്‍ ഗണദര്‍പ്പണ്‍ ഒാഫീസിലേക്ക് 3000ത്തോളം പേര് മരണശേഷം തങ്ങളുടെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സമ്മതപത്രങ്ങളാണ് നല്‍കിയത്. ഇവരുടെ ഒാഫീസിലേക്ക് അന്വേഷണങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. 1986 ല്‍ സ്ഥാപിതമായ ഈ സംഘടനയ്ക്ക് നാളിതുവരെ ലഭിച്ച സമ്മതപത്രങ്ങളൂടെ എണ്ണത്തിലുള്ള കുറവ് അറിയുമ്പോഴാണ് യഥാര്‍ത്ഥ 'വിപ്ലവം' വ്യക്തമാകുന്നത്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം 'മത' വിശ്വാസത്തിന്റെ മതില്‍ക്കെട്ടിനുള്ളിലാണ്.
ലക് ഷ്യബോ ധം,ആത്മാര്‍ത്ഥത,സത്യസന്ധത,ജീവിതലാളിത്യം എന്നീ നേതൃത്വഗുണങ്ങളുള്ള നേതാക്കളുടെ അഭാവം നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടതാണ്.ദിശാബോധം നഷ്ടമായ ബഹുഭൂരിപക്ഷത്തിനിടയിലാണ് ബസുവിന്റെ വില്‍പ്പത്രവും,അതു നടപ്പാക്കാനുള്ള ബസുവിന്റെ കുടുംബത്തിന്റെ നിശ്ചയദാര്‍ഡ്യവും പ്രസക്തമാകുന്നത്.
ബസു,ജീവിതം കൊണ്ടല്ല മരണംകൊണ്ട് താങ്കള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായി.
വാല്‍കഷ്ണം:-കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ലഭ്യമായിട്ടുള്ള മൃതദേഹങ്ങളില്‍ അധികവുംസംഭാവനചെയ്തത് നമ്മുടെ സാമൂഹികചുറ്റുപാടില്‍ വളരാന്‍ വളക്കൂറുള്ള മണ്ണ് വേണ്ടത്രയില്ലാത്ത യുക്തിവാദികളുടേതാണ് എന്നത് ഓര്‍ക്കാതിരിക്കുന്നതെങ്ങനെ ?
Sunday, 17 January 2010
വെടിമരുന്നു മണക്കുന്ന വഴികള്‍.!
2009 പടിയിറങ്ങുമ്പോള്‍ ചുവരില്‍ അവശേഷിപ്പിച്ചുപോയ ചിത്രങ്ങളുടെ പുനര്‍വായന നവജീവിത സാഹചര്യങ്ങളില്‍ അനിവാര്യമാവുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പുള്ള വന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സമാനതകളിലൂടെയുള്ള ഒരു യാത്ര. സാമ്പത്തിക പ്രതിസന്ധിക്കുപുറമേ, ഭക്ഷ്യ പ്രതിസന്ധിയും, ഊര്‍ജ്ജക്ഷാമവും, വിലക്കയറ്റവും, രാഷ്ട്രീയ പ്രതിസന്ധികളും, തീവ്രവാദ ശൃംഖലകളും കളം മറന്നാടുകയാണ് ; വരാനിരിക്കുന്ന ദിനങ്ങളെപ്പറ്റി അശുഭസൂചനകള്‍ മാത്രം നല്‍കിക്കെണ്ട്. ലോകം മുഴുവന്‍ തങ്ങളുടെ വരുതിയിലെന്നഹങ്കരിച്ചിരുന്ന "ഇന്ത്യയുടെ സ്വന്തം " അമേരിക്കയുടെ കടപ്പത്രത്തില്‍ 70 ശതമാനവും കൈക്കലാക്കി ചൈന മുന്നേറുമ്പോള്‍ ലോകം ഡോളറിനെയും കൈയ്യൊഴിഞ്ഞു.
യൂറോപ്യന്‍ വിപണി 'ചാഞ്ചാടിയാടി ' ഉറക്കത്തിലാണ്. ബാങ്കുകള്‍ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നു, സാമ്പത്തിക പാക്കേജുകളുടെ ഉദാരവത്കരണത്തിലും. ഡോളറിന്റെ ഇടിവില്‍ താരതമ്യേന ഉപയോഗമില്ലാത്ത സ്വര്‍ണ്ണം തൊണ്ണൂറുകളിലെ സ്വന്തം ജാതകം തിരുത്തിയെഴുതി. ഇതിനൊപ്പം ഇതര ലോഹങ്ങളുടെ വിലയും കുതിച്ചുയര്‍ന്നു. വ്യാവസായിക അസംസ്കൃത വസ്തുക്കള്‍ വന്‍തോതില്‍ സമാഹരിച്ച് ചൈന വരാനിരിക്കുന്ന ദൌലഭ്യവും അതുവഴി ഉണ്ടായെക്കാവുന്ന വിപണന സാധ്യതയും ദീര്‍ഘവീക്ഷണം ചെയ്യുന്നു.
സമ്പന്ന രാജ്യങ്ങളില്‍(?) വാഹന വ്യവസായ രംഗം സങ്കീര്‍ണ്ണ പ്രതിസന്ധിയിലാണ്. ഫോര്‍ഡും ജനറല്‍ മോട്ടോര്‍സും മുങ്ങിത്താഴ്ന്നു. നമ്മുടെ ടാറ്റാ വമ്പന്‍ കാര്‍ കമ്പനികള്‍ വിലക്കെടുക്കുന്നു. എണ്ണപ്പണത്തിന്റെ ഹുങ്കില്‍ മാത്രം തങ്ങളെ ഒന്നും ബാധിക്കില്ലെന്നു ഊറ്റംകൊണ്ടിരുന്ന അറബ് രാജ്യങ്ങള്‍ക്കും അടിതെറ്റി. അറബ് രാജ്യങ്ങളുടെ കൊടിയടയാളമായിരുന്ന ദുബായ് വേള്‍ഡിനെ കടക്കെണിയില്‍നിന്നു താല്കാലികമായെങ്കിലും രക്ഷിച്ചത് അബുദാബിയുടെ നൂറുകോടി ഡോളറിന്റെ കൈത്താങ്ങാണ്. എണ്ണസമ്പന്നമായ മറ്റ് അറബ് രാജ്യങ്ങള്‍ക്ക് ഉടന്‍ ഭീഷണിയില്ലെങ്കിലും ദുബായ് എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കുമെന്നത് ഒരു സാമ്പത്തിക സമസ്യയാണ്.
എല്ലാ രാജ്യങ്ങളും വലിപ്പച്ചെറുപ്പം നോക്കാതെ പരസ്പരം സഹകരിക്കുന്ന വിശാലനയം രൂപപ്പെടുത്തുമ്പോള്‍ ചൈന മറ്റ് 77 രാജ്യങ്ങളുമായിച്ചേര്‍ന്ന് കോപ്പന്‍ഹേഗനില്‍ 'ബഹുധ്രുവലോകം' വളര്‍ത്തുമ്പോള്‍ ഇന്‍ഡ്യ മറ്റുള്ളവരുടെ പ്രശ്നത്തില്‍നിന്നകന്ന്, അമേരിക്ക മാത്രം മതിയെന്ന് വിലപിച്ച് ഒറ്റപ്പെടുന്നതും നാം കണ്ടു.
മുംബൈ ആക്രമണത്തിന്റെ ഭീതിയില്‍ വിറങ്ങലിച്ച വര്‍ഷമൊടുങ്ങുമ്പോള്‍, മുഖ്യ സൂത്രധാരന്‍ ഡേവിഡ് ഹെഡ്ലി എന്ന സി.ഐ.എ. യുടെ ഡബിള്‍ ഏജന്റിന്റെ പൂര്‍വ്വ ചരിത്രം മറക്കാന്‍ അമേരിക്ക പണിപ്പെടുന്നു; ഇന്‍ഡ്യയെ നിര്‍ബന്ധിക്കുന്നു. ദോഷം പറയരുത്, തൊട്ടടുത്ത അയല്‍രാജ്യങ്ങളോടെല്ലാം ശക്തവും, ഒട്ടും മോശമല്ലാത്തതുമായ പിണക്കങ്ങളിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുകയാണ്.
തമ്മില്‍ ഭേദം തൊമ്മനെന്നമട്ടില്‍ ഇന്‍്ഡ്യയും ചൈനയും മാത്രം പിടിച്ചുനില്‍പ്പിന് തീവ്രശ്രമം തുടരുന്നതും നാം കണ്ടു, പോയ വര്‍ഷം. ഉയര്‍ന്ന ജനസംഖ്യയാണ് ഈ രാജ്യങ്ങളുടെ ശാപം എന്നായിരുന്നു എഴുപതുകളിലെ വിലയിരുത്തല്‍. ഇന്ന് അതേ ജനത ഈ രാജ്യങ്ങളുടെ അത്താണിയാകുന്നു. ലോകത്തെ ഏറ്റവും വലിയ കമ്പോളങ്ങളാണ് ഇന്നീ രാജ്യങ്ങള്‍. അടിസ്ഥാന സൌകര്യങ്ങള്‍പോലും അന്യമായ ഈ രാജ്യത്തെ സാധാരണക്കാരിലാണ് പറിഞ്ഞാറിന്റെ വിപണന പ്രതീക്ഷ.
രാഷ്ട്രീയ അഴിമതികള്‍, മണ്ണിന്റെ മക്കള്‍ വാദം, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍, മത തീവ്രവാദം, നിയമവാഴ്ചയുടെ തകര്‍ച്ച, അമേരിക്കല്‍ വിധേയത്വം,ഇവ ഒഴിവാക്കിയാല്‍ ചൈനയേയും കടത്തിവെട്ടാനാവുന്ന ശക്തിയായി ഇന്‍ഡ്യക്ക് ഉയരാമെന്ന് 2009 സൂചന നല്കുന്നു.
ആഗോളതാപനം ഉണ്ടാക്കാവുന്ന ഭക്ഷ്യപ്രതിസന്ധികൂടി കണക്കിലെടുത്താല്‍, നിലവിലുള്ള ഭക്ഷ്യക്ഷാമം രൂക്ഷമാകാനും, വിലക്കയറ്റം ഭീതിതമാകാനുമുള്ള സാധ്യതയേറെയാണ്. പ്രവചനങ്ങള്‍ ഏഷ്യ, ആഫ്രിക്കാ വല്‍കരകള്‍ കൊടും ക്ഷാമത്തിന് അടിപ്പെടും എന്നു പറയുന്നു. കടുത്ത ക്ഷാമങ്ങളൂം ഭക്ഷ്യപ്രതിസന്ധിയും വിലക്കയറ്റവും വിതറുന്ന തീപ്പൊരികള്‍ പടര്‍ന്നുപിടിക്കാവുന്നതരത്തില്‍ സാമ്പത്തികപ്രതിസന്ധിയും ചേരുമ്പോള്‍ ആളിപ്പടരുന്ന യുദ്ധത്തിനുള്ള സാധ്യത മണക്കുന്നുണ്ടോ, വരും നാളുകളില്‍ ?
Subscribe to:
Posts (Atom)